07:41am 07 May 2026
NEWS
നിയമ വാഴ്ച ഉറപ്പുവരുത്തണം


06/05/2026  03:08 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 നിയമ വാഴ്ച ഉറപ്പുവരുത്തണം

 

  ജനാധിപത്യം, മതനിരപേക്ഷത, നിയമവാഴ്ച, സാമൂഹ്യനീതി, എന്നീ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് നിയസഭാ തെരഞ്ഞെടുപ്പിലുണ്ടായിട്ടുള്ള ജനവിധി. അറഞ്ഞുതുള്ളിയ ജാതി കോമരം വെള്ളാപ്പള്ളി നടേശന് കടിഞ്ഞാണിടാതെ കയറൂരിവിട്ടതിന് ഭരണാധികാരികൾക്ക് കരണത്തേറ്റ പ്രഹരമാണിത്. ശ്രീനാരായണധർമ്മത്തെയും ശ്രീനാരായണഗുരുവിനെ തന്നെയും ആക്ഷേപിക്കുകയും എസ്.എൻ.ഡി.പി. യോഗത്തെ മുച്ചൂടും നശിപ്പിക്കുകയും സംശുദ്ധ ജീവിതം നയിക്കുന്ന ജനനേതാക്കളെ വ്യക്തിഹത്യ നടത്തുകയും ചെയ്ത വെള്ളാപ്പള്ളി നടേശനെ തണ്ടിലേറ്റി കൊണ്ടുനടന്നതിനു ജനം നൽകിയ ശിക്ഷകൂടിയാണിത്. പരമ്പരാഗതമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നട്ടെല്ലായി വർത്തിച്ച ഈഴവ സമുദായത്തോടും മറ്റും പിന്നോക്ക ദളിത് വിഭാഗങ്ങളോടും പിണറായി സർക്കാർ അവലംബിച്ച നിഷേധാത്മക നിലപാടിനെതിരെ തങ്ങളാരുടെയും അടിമകളല്ലെന്ന പ്രഖ്യാപനം കൂടിയാണ് ഈ ജനവിധിയിൽ പ്രതിഫലിക്കുന്നത്.
            വെള്ളാപ്പള്ളി നടേശൻറെ അഴിമതിയെയും ജനാധിപത്യ ധ്വംസനത്തെയും ഗുരുനിന്ദയെയും നിയമവിരുദ്ധ ചെയ്തികളെയും കുറിച്ച് എം.കെ. സാനുമാഷുൾപ്പെടെയുള്ളവർ മുഖ്യമന്ത്രി പിണറായി വിജയനു പലകുറി നിവേദനങ്ങൾ നൽകിയെങ്കിലും നടേശന് രക്ഷാകവചമൊരുക്കി സംരക്ഷിക്കുകയാണ് ചെയ്തത്. മൈക്രോഫിനാൻസ് ധനാപഹരണക്കേസ്സിലും എസ്.എൻ. കോളേജ് ജൂബിലി ഫണ്ട് വെട്ടിപ്പിലും പ്രതിയായ നടേശനെ രക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമം പാലിക്കാത്തതിനാൽ എസ്.എൻ.ഡി.പി. യോഗ നേതൃത്വം ഒന്നടങ്കം അയോഗ്യരായിത്തീർത്തിട്ടും ബഹുഃ ഹൈക്കോടതി പലകുറി അയോഗ്യരാണെന്ന് ഉത്തരവിട്ടിട്ടും വെള്ളാപ്പള്ളിയെ സംരക്ഷിക്കുന്നതിനാണ് പിണറായി സർക്കാർ വെമ്പൽ കൊണ്ടത്. ഇത് ലക്ഷക്കണക്കായ ശ്രീനാരായണധർമ്മ വിശ്വാസികളോടുള്ള വെല്ലുവിളിയായിരുന്നു. ചിന്താശക്തിയുള്ള സമുദായംഗങ്ങൾ ആ വെല്ലുവിളി മുഖവിലയ്‌ക്കെടുക്കുകയും ഐക്യ ജനാധിപത്യ മുന്നണി സർക്കാരിനെ അധികാരത്തിലേറ്റാൻ അവസമൊരുക്കുന്നതിൽ ഗണനീയമായ പങ്കുവഹിക്കുയും ചെയ്തു.
           ഐക്യജനാധിപത്യ മുന്നണിയെയും ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റാൻ അദ്ധ്വാനിച്ച എല്ലാവരെയും ഞങ്ങൾ മുക്തകണ്ഠം അഭിനന്ദിക്കുന്നു. എസ്.എൻ.ഡി.പി. യോഗത്തിലും എസ്.എൻ. ട്രസ്റ്റിലും ജനാധിപത്യവും നിയമവാഴ്ചയും ഉറപ്പു വരുത്തുന്നതിന് അധികാരത്തിലേറുന്ന ഐക്യജനാധിപത്യമുന്നണി സർക്കാർ നീതിപൂർവ്വമായ നിലപാട് സ്വീകരിക്കണം. വെള്ളാപ്പള്ളി നടേശൻ സ്വാർത്ഥം നേടാൻ മോഹിനി വേഷം പൂണ്ട് ഭരണാധികാരികളെ വശംവദരാക്കാൻ നടത്തുന്ന വേലകളിൽ വീണുപോകാതെ സധൈര്യം ഭരണ നിർവ്വഹണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.
       ശ്രീനാരായണ സേവാസംഘം, എസ്.എൻ.ഡി.പി.യോഗം - എസ്.എൻ.ട്രസ്റ്റ് സംരക്ഷണ സമിതി, ശ്രീനാരായണ സഹോദര ധർമ്മവേദി, എസ്.എൻ.ഡി.പി. യോഗം സംരക്ഷണ സമിതി, ശ്രീനാരായണ ഡമോക്രാറ്റിക് പ്ലാറ്റ് ഫോം എന്നീ സംഘടനകളുടെ നേതാക്കളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്.
        പത്രസമ്മേളനത്തിൽ അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ, അഡ്വ. സി.കെ. വിദ്യാസാഗർ, സൗത്ത് ഇന്ത്യൻ വിനോദ്, അഡ്വ. എസ്. ചന്ദ്രസേനൻ, രാജ്‌കുമാർ ഉണ്ണി, പി.പി. രാജൻ, പ്രൊഫ. ആർ. മണിയപ്പൻ,  അഡ്വ. ആർ. അജന്തകുമാർ, എം.വി. പരമേശ്വരൻ, അഡ്വ. കെ.എം. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img